Wednesday, 5 November 2014


ഈ രാജ്യത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കും വിഘാതം സൃഷ്ടിച്ചു കൊണ്ടിരുന്ന സദാചാര പൊലീസിങ്ങ് എന്ന മൗലികവാദത്തിനെതിരെ കൊച്ചിയില്‍, 2014 നവംബര്‍ 2-ന് "കിസ്സ് ഓഫ് ലൗ" എന്ന പേരില്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും, ഇതൊരു വന്‍വിജയം ആക്കുവാന്‍ സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും - പ്രത്യേകിച്ച് ഇന്ത്യയൊട്ടാകെയുള്ള കലാലയങ്ങളിലെ വിദ്യാര്‍ഥി സമൂഹത്തിനും (പ്രത്യേകിച്ചും ഹൈദരാബാദ് സര്‍വ്വകലാശാലയിലെയും മുംബൈ ഐ ഐ ടി യിലെയും കൊല്‍ക്കത്ത ഐസറിലെയും വിദ്യാര്‍ഥികള്‍), പക്ഷപാതരഹിതമായി വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കും - ഞങ്ങള്‍ സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

സദാചാര പൊലീസിങ്ങിനെ എതിര്‍ത്തു കൊണ്ട് തികച്ചും പുതിയ ഒരു സമര രീതിയുമായി മുന്നോട്ടിറങ്ങിയപ്പോൾ, സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. വളരെ നിർണായകമായ അവസരത്തിൽ ഈ പുരോഗമന രാഷ്ട്രീയ നിലപാടിന് അനുകൂലമമായി മുന്നോട്ടു വന്ന DYFI, SFI, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയുള്ള അനേകം സംഘടനകള്‍ക്കും അതിന്റെ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.മുഖ്യധാരയിലേയ്ക്ക് ഈ സമരത്തിന്റെ ചര്‍ച്ചകള്‍ എത്തിക്കാന്‍ ഉതകുന്ന തരത്തില്‍ പിന്തുണയുമായെത്തിയ വി ടി ബലറാം എം എല്‍ എ , എം ബി രാജേഷ് എം പി , ഡീന്‍ കുര്യാക്കോസ്‌ (യൂത്ത്കോണ്‍ഗ്രസ്) , ടി എന്‍ സീമ (രാജ്യസഭാ എം പി ),ടി എന്‍ ജോയ് (സാമൂഹ്യ പ്രവര്‍ത്തകന്‍ ) ,കുരീപ്പുഴ ശ്രീകുമാര്‍ (കവി ),എന്‍ എസ് മാധവന്‍,ആനന്ദ്,സുസ്മേഷ് ചന്ദ്രോത്ത്,സക്കറിയ,ജെ ദേവിക (എഴുത്തുകാര്‍ ) , ആര്‍ ഉണ്ണി (തിരക്കഥാകൃത്ത്),ജോയ് മാത്യു (നടന്‍,സംവിധായകന്‍ ) എന്നിവരുടെ പേരുകളും പ്രത്യേകം പരാമര്‍ശിക്കുന്നു.അതുപോലെതന്നെ സമരക്കാരുടെ നേരെ ഉണ്ടായ പോലീസിന്റെ പക്ഷപാതപരമായ നിലപാടിനെ വിമര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി ശ്രീ പിണറായി വിജയനും ഞങ്ങളുടെ ഔദ്യോഗികമായ കൃതജ്ഞത രേഖപ്പെടുത്തുന്നു.

കിസ്സ്‌ ഓഫ് ലവില്‍ പങ്കെടുത്ത ചില ആളുകളുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് നിരവധി ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അതിനെക്കുറിച്ച് ഒരു വിശദീകരണം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ആദ്യമായി കിസ് ഓഫ് ലവ് ഒരു സംഘടന എന്നതിനപ്പുറം ഒരു കാമ്പയിന്‍ അല്ലെങ്കില്‍ ആഹ്വാനം ആണ്. ഇന്ത്യൻ ഭരണഘടനയെ ബഹുമാനിച്ചു അതിനുള്ളിൽ നിന്ന് ജീവിക്കാനും പ്രതിഷേധിക്കാനും മാത്രം ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. ഈ ആഹ്വാനം ഉയര്‍ത്താന്‍ വേണ്ടി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.അതില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അനുഭാവികളും അതുപോലെ സ്വതന്ത്ര ജനാധിപത്യ വിശ്വാസികളും ഉണ്ട്.സാംസ്കാരിക ഫാസിസത്തിനെതിരെ ജനാധിപത്യപരമായി ഭരണഘടനയില്‍ അധിഷ്ഠിതമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സമരം നടത്തുക എന്നതാണ് കിസ്സ്‌ ഓഫ് ലവിന്റെ ആഹ്വാനം .

ഈ ആഹ്വാനം ഏറ്റെടുത്തു സമരമുഖത്തേക്ക് എത്തിയ/ ഇനിയും എത്തുന്ന എല്ലാവരോടും ഞങ്ങള്‍ക്ക് യോജിപ്പാണ്.പക്ഷെ അവരുടെ മറ്റു രാഷ്ട്രീയ നിലപാടുകള്‍ക്കോ അവരുടെ ആശയങ്ങള്‍ക്കോ നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ കിസ് ഓഫ് ലവ് ഒരിക്കലും ബാദ്ധ്യസ്ഥരല്ല.എന്നാല്‍ അതെ സമയം തന്നെ കിസ്സ്‌ ഓഫ് ലവ് സമരത്തില്‍ പങ്കെടുത്തു മടങ്ങും വഴി ചില പ്രവര്‍ത്തകരെ ( അവര്‍ ഏതു സംഘടനയുടെ പ്രവര്‍ത്തകര്‍ ആയാലും ) തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ ഞങ്ങള്‍ക്കുള്ള പ്രതിഷേധവും ഇതിനാല്‍ രേഖപ്പെടുത്തിക്കൊള്ളുന്നു.

മറ്റൊരു ആരോപണം കിസ്സ്‌ ഓഫ് ലവ് അരാജകവാദികളുടെയും അരാഷ്ട്രീയവാദികളുടേയും ഒരു കൂട്ടമാണ്‌ എന്നതാണ് . ആരോപണം ഉന്നയിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് അരാജകവാദം എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കുകയാണ് . നിയമവ്യവസ്ഥയിലും സ്റ്റേറ്റിലും വിശ്വാസമില്ല എങ്കില്‍ താരതമ്യേന കുറഞ്ഞ അംഗങ്ങളുള്ള ഞങ്ങളുടെ ആളുകള്‍ ഇത്രയും അക്രമാസക്തരായ ഒരു ജനക്കൂട്ടത്തിനു മുന്നിലേയ്ക്ക്, സ്റ്റേറ്റിന്റെ സംരക്ഷണം അല്ലാതെ എന്ത് വിശ്വസിച്ചാണ് വരാന്‍ കഴിയുക ? അതുപോലെ ഞങ്ങള്‍ ഒരിക്കലും അരാഷ്ട്രീയ വാദികളല്ല. കാരണം ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. തീര്‍ച്ചയായും അത് വ്യക്തി സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതവും സാംസ്കാരിക ഫാസിസത്തിനും വര്‍ഗീയ വാദത്തിനും എതിരുമാണ്.നിയമത്തെയല്ല സദാചാരഗുണ്ടായിസമെന്ന നിയമലംഘനത്തെയാണു ഞങ്ങള്‍ എതിർക്കുത്.അതുപോലെ ഭരണഘടനാപ്രകാരം പൗരന്റെ അവകാശമായ സ്വൈരസഞ്ചാരത്തിനു വേണ്ടിയാണ് ഞങ്ങള്‍ വാദിക്കുന്നത്.

നവമാധ്യമങ്ങളുടെ സഹായത്തോടെ ഓര്‍ഗനൈസ് ചെയ്ത ഒരു സമരം എന്ന നിലയിലും സംഘടനാപരമായ സ്വഭാവത്തിന്റെ അഭാവങ്ങള്‍ നിമിത്തവും സമരത്തിന്റെ നടത്തിപ്പില്‍ ചെറിയ ചില പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടാകാം.എങ്കിലും ഞങ്ങൾ മുൻപോട്ടു വയ്ക്കുന്ന ആശയം ലോക സമൂഹത്തിനു മുൻപിൽ എത്തിക്കുന്നതിൽ ഞങ്ങൾ 100% വിജയിച്ചു .സമൂഹത്തിന്റെ ബഹുസ്വരതയുടെ പല കോണുകളിലായി ചിതറിക്കിടക്കുന്ന ആളുകളെ ഒരു ആഹ്വാനത്തിലൂടെ ഒരു പൊതുവായ ലക്ഷ്യത്തിലേയ്ക്ക് വിവിധതരം രാഷ്ട്രീയ മനോഭാവത്തോടെയാണെങ്കിലും എത്തിക്കാന്‍ കഴിഞ്ഞു എന്നത് ഒരു നേട്ടമായിത്തന്നെ ഞങ്ങള്‍ കരുതുന്നു. സാമൂഹിക വിപത്തുകള്‍കെതിരെ ജനകീയ പ്രതിഷേധം ഏകോപിപ്പിക്കുവാന്‍ സോഷ്യല്‍ മീഡിയയിലൂടെ സാധിക്കും എന്നതിനുള്ള ഉത്തമ ദൃഷ്ടാന്തമാണ് കിസ്സ് ഓഫ് ലൗ സമരപരിപാടികളുടെ ഉജ്ജ്വല വിജയം.നവമാധ്യമങ്ങളുടെ ശക്തി ഉപയോഗിച്ച് ഇതിലും വലിയ സമരങ്ങൾ കേരളം കാണും എന്നും പ്രതീക്ഷിക്കുന്നു.
ഞങ്ങളെ പിന്തുണയ്ക്കാത്ത പിന്തിരിപ്പന്‍ വര്‍ഗീയ സംഘടനകളോട് ഞങ്ങള്‍ക്കൊട്ടും പരിഭവമില്ല. നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്നു എന്നതാണ് ഞങ്ങളുടെ ആശയം നേരായതാണ് എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം.പക്ഷേ സമരസ്ഥലത്ത് ആയുധങ്ങളുമായി ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയവുമായി വന്നു അവരുയര്‍ത്തിയ പോര്‍വിളി ശരിക്കും ജനാധിപത്യത്തിനു നേരെ ഉള്ള വെല്ലുവിളിയാണ്.
പ്രബുദ്ധരായ ഇന്ത്യൻ യുവജനത ഈ ആശയത്തെ ഏറ്റെടുക്കുന്നു എന്നറിഞ്ഞതിൽ അഭിമാനം കൊള്ളുന്നു.സാംസ്കാരിക ഏകാധിപത്യത്തിന്റെ പതനത്തിന്റെ ആദ്യത്തെ മണിനാദം മുഴക്കാന്‍ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ മുന്നോട്ടു വച്ച ആശയങ്ങളുമായി പുതിയ സമര രീതികളുമായി ഞങ്ങൾ ഇനിയും മുൻപോട്ടു പോകും എന്നും ഞങ്ങൾ വ്യക്തമാക്കുന്നു.ഞങ്ങൾ മുന്നോട്ടു വച്ച ഈ ആശയത്തിന്റെ ഒരു വികേന്ദ്രീകരണം ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ആശയം ഏറ്റെടുത്തു കൊണ്ട് കലാലയങ്ങളിലും നഗരങ്ങളിലെ പൊതു ഇടങ്ങളിലും സാംസ്കാരിക ഫാസിസത്തിനെതിരെ എണ്ണമറ്റ സര്‍ഗാത്മക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാന്‍ പുതു തലമുറയോട് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.

No comments:

Post a Comment